ഒരു കഥ വേണമല്ലോ എന്ന അന്വേഷണത്തിന് ഒടുവിലാണ് ജോഷിയെ കണ്ടത്. ഇതിനു മുന്‍പ് എപ്പോഴോ കണ്ടത് പോലെ തന്നെ പാടത്തിനു നടുക്കുള്ള ചാരായഷാപ്പിലാണ് ഞാന്‍ അവനെ കണ്ടെത്തിയത്. രണ്ടു കുപ്പി എളപ്പനും ഒരു പ്ലേറ്റ് കപ്പയും അടിച്ചിട്ട് തോട്ടിലെ വെള്ളത്തിലേക്ക് കാലും നീട്ടി ഇരിക്കയാരുന്നു കക്ഷി. ജോഷി പണ്ട് ഇത് പോലെ പെരുത്തിരുന്നപ്പോള്‍ എന്നോടു പറഞ്ഞ ഒരു നുണയാണ് ഞാന്‍ നുണക്കഥയാക്കി മാറ്റിയത്. ഇപ്പോഴും അതെ പെരുപ്പ്…അതെ ഇരിപ്പ്. ഞാനും കൂടെയിരുന്നു. കുറച്ചു നേരം ഇങ്ങനെ നാട്ട് വര്‍ത്തമാനങ്ങള്‍ ഒക്കെ പ്പറഞ്ഞു ഒന്ന് ഏരി കേറ്റിയാല്‍ കക്ഷി എന്തെങ്കിലും ഗോസിപ്പ് ഒക്കെ പറയും.
ജോഷി തെങ്ങിന്‍റെ തടത്തിലേക്ക് മെല്ലെ മലര്‍ന്നു വീണു. മുകളിലേക്ക് നോക്കി ഒന്ന് ചിരിച്ചു. ഞാനും വെറുതെ ചിരിച്ചു.
“ഡാ.. നിനക്കറിയാമോ… നമ്മുടെ സായിപ്പ് കുട്ടന്‍ ആശുപത്രിയിലാ.”, ഒരു കഥ തുടങ്ങുന്ന പോലെ ജോഷി പറഞ്ഞു.
“ങേ! എന്താ അസുഖം?”, ഞാന്‍ ചോദിച്ചു. സായിപ്പ് കുട്ടനെ എനിക്ക് പരിചയം ഉണ്ടെങ്കിലും അടുത്ത സുഹൃത്തല്ല. എന്നാലും ഒരു കഥ തടഞ്ഞാലോ എന്ന് കരുതി വെറുതെ ചോദിച്ചതാണ്.
“അസുഖം ഒന്നുമല്ല. കൈയ്യിലിരുപ്പാ. ഏതോ സായിപ്പിനെ കായല് കാണിക്കാന്‍ കൊണ്ട് പോയതാ. പിന്നെ കേള്‍ക്കുമ്പോ ഗവണ്മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി എന്ന്. ഞാന്‍ മിനിങ്ങാന്നു പോയി കണ്ടാരുന്നു. ജനലീക്കൂടി… ഇപ്പൊ വാര്‍ഡിലാ.”
സായിപ്പ് കുട്ടന്‍ ഞങ്ങളുടെ നാട്ടിലെ ഒരു കഥാപാത്രം ആണ്. മറ്റു എല്ലാവരെയും പോലെ തന്നെ. കഥാപാത്രം. സിമ്പിള്‍. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് പറഞ്ഞു കായലും കുളവും, വള്ളംകളിയും ഒക്കെ പരസ്യം ചെയ്തു തുടങ്ങിയപ്പോള്‍ സായിപ്പന്മാരും മദാമ്മമാരും ഒക്കെ ധാരാളം വരാന്‍ തുടങ്ങി. അവരെ കൂടെ കൊണ്ട് പോയി നാടും നാട്ടുംപുറവും കാട്ടി കൊടുക്കാന്‍ വേണ്ടി കുറച്ചു പേര്‍ രംഗത്തിറങ്ങി. അവരില്‍ ഒരാളാണ് നമ്മുടെ ഈ കഥാപാത്രം – സായിപ്പ് കുട്ടന്‍. കുട്ടന്‍ യഥാര്‍ത്ഥ നാമധേയം. ‘സായിപ്പ്’ എന്നത് ഞങ്ങള്‍ ഒക്കെ കൂടി ഇട്ടതാണ്. പത്രത്തിന്‍റെ വിതരണം ഉള്ള ഒരു കുട്ടന്‍ വേറെ ഉള്ളത് കൊണ്ട് തെറ്റാതിരിക്കാന്‍ വേണ്ടി ഇട്ടതാണ് എന്ന് ഞങ്ങള്‍ ടിയാനെ സമാധാനിപ്പിച്ചെങ്കിലും ഈ ഇരട്ടപ്പെരിന്‍റെ സങ്കടം മാറാന്‍ കക്ഷിക്ക് കുറച്ചു കാലം വേണ്ടി വന്നു.
സത്യത്തില്‍ ആളൊരു ശുദ്ധനാണ്. ചെറിയ കുടവയറും, അത് തള്ളിപ്പിടിച്ചു കൈ രണ്ടും വശങ്ങളിലേക്ക് ആഞ്ഞു വീശിയുള്ള നടപ്പും ഒക്കെ അദ്ദേഹത്തിന്‍റെ ചില പ്രത്യേകതകളാണ്. ഞങ്ങളുടെ കരയിലെങ്ങാനും ഒരു സായിപ്പ് വന്നു പെട്ടിട്ടുണ്ട് എന്നറിഞ്ഞാല്‍ കക്ഷിയുടെ ഭാവം മാറും. പിന്നെ ബിന്‍ ലാദനെ കണ്ടത് പോലെ ഒരു ഓട്ടമാണ്. ആരുടെയെങ്കിലും ബൈക്കിന്റെയോ ഓട്ടോറിക്ഷയുടെയോ പിന്നില്‍ കയറി സായിപ്പിനെ കണ്ടു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്ത് നിമിഷങ്ങള്‍ക്കകം എത്തിപ്പെട്ടിരിക്കും. ഒരു സായിപ്പിനെ കിട്ടാന്‍ കക്ഷി ആരെയും കൊല്ലും എന്നാണു ഇന്റര്‍നെറ്റ് കഫെ നടത്തുന്ന വിശ്വന്‍ ചേട്ടന്‍ പറയുന്നത്. അത് ഏറെ കുറെ ശരിയാണെന്ന് ഇതൊക്കെ കണ്ടു നിന്നിട്ടുള്ള എനിക്കും തോന്നിയിട്ടുണ്ട്. ഒരിക്കല്‍ ഒരു സായിപ്പിനെയും മദാമ്മയെയും പിടിക്കാന്‍ എന്‍റെ ബൈക്കിന്‍റെ പിന്നിലാണ് കക്ഷി ഓടി കയറിയത്. ഷൂമാക്കര്‍ വണ്ടി ഓടിക്കുന്ന പോലെ എന്നെക്കൊണ്ട് ഓടിപ്പിച്ചാണ് കുട്ടന്‍ അന്ന് സായിപ്പിനെ പിടി കൂടിയത്.
സായിപ്പ് എന്നത് കുട്ടന് ഒരു ഹരമാണ്… ഒരു ലഹരിയാണ്. ഓരോ സീസണിലും കുട്ടന്‍ തന്‍റെ ഇരകളെ കണ്ടെത്തും. അവരെ തന്‍റെ ഗ്രാമവീഥികളിലൂടെ നടത്തി, മുന്‍പില്‍ ഒരു മാടമ്പിയുടെ ഗമയോടെ നടന്നു ഞങ്ങളുടെ മുഖത്തെ അമ്പരപ്പ് ആസ്വദിച്ചു കുട്ടന്‍ സായൂജ്യമടയും. ഷാജി അണ്ണന്റെ ബേക്കറിയിലോ, വിശ്വന്‍ ചേട്ടന്‍റെ ഇന്റര്‍നെറ്റ് കഫെയിലോ സായിപ്പിനേം, മദാമ്മയെയും കൊണ്ടു കയറ്റിയിട്ടു അവരുടെ ആക്സന്റില്‍ ഇംഗ്ലീഷ് സംസാരിക്കും. ഒരിക്കല്‍ ഇത് സംഭവിച്ചത് എട്ടാം ക്ലാസ്സില്‍ കുട്ടനെ ഇംഗ്ലീഷ് പഠിപ്പിച്ച മധു സാര്‍ കടയില്‍ ഇരിക്കുമ്പോള്‍ ആയിരുന്നെന്നു ഷാജി എന്നോടു പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ ഈ കാഴ്ചകള്‍ക്ക് ഞാനും ദൃക്സാക്ഷിയായിട്ടുണ്ട്.
സായിപ്പന്മാരുടെ വരവ് നിലയ്ക്കുന്ന മണ്‍സൂണ്‍ മഴക്കാലത്ത് കുട്ടന്‍ ആര്‍ക്കും വേണ്ടാത്ത ഒരു ബലൂണ്‍ പോലെ അങ്ങിങ്ങ് പറന്നു നടക്കും; ഖസാക്കിന്‍റെ ഇതിഹാസത്തിലെ അപ്പുക്കിളിയെ പോലെ! സീസണ്‍ തുടങ്ങുമ്പോള്‍ കുട്ടന്‍ വീണ്ടും സന്തോഷവാനാവും… ‘സായിപ്പ് കുട്ടന്‍’ എന്ന തന്‍റെ ദ്വന്ദ വ്യക്തിത്വത്തിലേക്ക് അവന്‍ ഗൃഹാതുരതയോടെ ഓടിയെത്തും.ശരീരം അനങ്ങി പണി എടുക്കാന്‍ അറിയാത്തവന്‍ എന്ന് സ്കൂള്‍ മാഷായ അച്ഛന്‍ പല തവണ ശകാരിച്ചിട്ടും ഈ സായിപ്പ് പണിയില്‍ നിന്ന് കുട്ടന്‍ പിന്മാറിയില്ല. എന്ന് മാത്രമല്ല അതില്‍ കൂടുതല്‍ ഊര്‍ജസ്വലനാകുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. കുട്ടന്‍റെ ഈ വെള്ള തൊലിയോടുള്ള പ്രേമം നാട്ടില്‍ പരന്നതോടെ ‘സായിപ്പ്’ കുട്ടന്‍ എന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം നിലവിലിരുന്ന വിളിപ്പേര് ഒരു ദേശം മുഴുവന്‍ ഏറ്റെടുത്തു. രാജ വാഴ്ചയും, കൊളോണിയല്‍ വാഴ്ചയും പിന്നെ ജനാധിപത്യവും കടന്നു വന്നിട്ടും മാറ്റങ്ങള്‍ അധികമൊന്നും സംഭവിക്കാത്ത ഞങ്ങളുടെ നാട്ടില്‍ പാശ്ചാത്യതയെ പൌരസ്ത്യതയോട് ബന്ധിപ്പിക്കുന്ന ഒരു ഖടകമായി കുട്ടന്‍ മാറി; പുറത്ത് നിന്ന് വരുന്ന അതിഥികള്‍ക്ക് ചിരിച്ചു കൊണ്ട് (പലപ്പോഴും അട്ടഹസിച്ചു കൊണ്ട്) സ്വാഗതം പറയുന്ന ഞങ്ങളുടെ മുഖം.
ഓരോ സായിപ്പും, അല്ലെങ്കില്‍ മദാമ്മയും, പോയി കഴിയുമ്പോള്‍ ഒന്ന് രണ്ടു ദിവസത്തേക്ക് കുട്ടനെ വളരെ ദുഖിതനായി കാണാം. സായിപ്പും മദാമ്മയും കൂടെ ഉള്ളപ്പോള്‍ ഞങ്ങളെ പോലെയുള്ള കീടജന്മങ്ങളെ വഴിയില്‍ വെച്ച് കണ്ടാല്‍ പോലും ഒന്ന് ചിരിക്കാത്ത കുട്ടന്‍ അവര്‍ പോയിക്കഴിഞ്ഞു ഒറ്റക്കാകുമ്പോള്‍ ഞങ്ങളെ അന്വേഷിച്ചിറങ്ങും. ഇങ്ങനെ ദുഖിതനായി കാണപ്പെട്ട ഒരു അവസരത്തില്‍ അവന്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം എന്നോട പറഞ്ഞു.
“അവസാനം വന്നത് ഒരു കള്ള നായിന്‍റെ മോനാ. അവനും അവളും കൂടെ ഇരുന്നിടത്ത് ഞാന്‍ ചെന്ന് എന്ന് പറഞ്ഞു ഹൗസ്ബോട്ടില്‍ വെച്ച് എന്നെ തല്ലി. പൊലയാടി മോന്‍! കൊന്നു കായലില്‍ തള്ളിയാലോ എന്ന് കരുതിയതാ. എനിക്കറിയാന്‍ വയ്യാഞ്ഞിട്ടല്ല. ആയിട്ടില്ല…. ആയിട്ടില്ല. എല്ലാത്തിനും ഞാന്‍ പണി കൊടുക്കുന്നുണ്ട്, ഒരു ദിവസം.”
ജീവിതത്തില്‍ ഒരു തവണത്തെക്കോ മറ്റോ വന്ന ആ സായിപ്പിന്, ഇപ്പോള്‍ അമേരിക്കയിലെക്കോ ആസ്ട്രേലിയയിലെക്കോ ഉള്ള വിമാനത്തില്‍ ഇരിക്കുന്ന ആ സായിപ്പിന്, ഇങ്ങു കേരളത്തിലെ ഒരു ബേക്കറിയിലിരുന്നു മുട്ട സമോസ കഴിക്കുന്ന കുട്ടന്‍ എങ്ങനെയാ പണി കൊടുക്കുന്നത് എന്ന് ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. ചിരിച്ചാല്‍ കുട്ടന് സങ്കടമായാലോ എന്ന് കരുതി ഞാന്‍ ചിരിച്ചില്ല.
കുട്ടന്‍ വീണ്ടും പറഞ്ഞു, “നീ ഇത് ആരോടും പറയേണ്ട. വിഷമം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു പോയെന്നെ ഉള്ളൂ.” ഞാന്‍ കുട്ടനെ ആശ്വസിപ്പിച്ചു. എന്‍റെ ആശ്വാസത്തിനു പ്രതിഫലമായി എന്‍റെ ചായയുടെയും സമോസയുടെയും പൈസ അവന്‍ കൊടുത്തു.
പിന്നീട് ഒന്ന് രണ്ടു മാസത്തേക്ക് ഞാന്‍ കുട്ടനെ കണ്ടതേയില്ല. ഒരിക്കല്‍ മറ്റൊരു പൊതു സുഹൃത്തിനെ കണ്ടപ്പോള്‍ ഞാന്‍ കുട്ടനെ കുറിച്ച് അന്വേഷിച്ചു. അവനും കുട്ടനെ കണ്ടിട്ട് കുറച്ചു നാള്‍ ആയെന്നു പറഞ്ഞു സ്ഥലം വിട്ടു. അതോടെ കുട്ടന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ എന്നെ കീഴടക്കി. നേരിട്ട് അവന്‍റെ വീട്ടില്‍ പോയി അന്വേഷിക്കാനുള്ള സൗഹൃദം ഞങ്ങള്‍ തമ്മില്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ ഈ ആകാംക്ഷ മറ്റൊരുവന്റെ മേല്‍ കുത്തി വെച്ചു. അവന്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. സായിപ്പ് കുട്ടന്‍റെ ലോക്കല്‍ ഗൈഡ് ലൈസെന്‍സ് ടൂറിസം വകുപ്പ് റദ്ദു ചെയ്തത്രെ. ഇതില്‍ ദുഖിതനായ കുട്ടന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ മുറിയടച്ച് ഇരിപ്പാണ് പോലും. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി. കുട്ടനെ തല്ലിയ സായിപ്പ് പോകുന്നതിനു മുന്‍പ് ജില്ലാ ടൂറിസം വകുപ്പിന് പരാതി നല്‍കി പോലും. അങ്ങനെയാണ് ലൈസെന്‍സ് ക്യാന്‍സല്‍ ആയത്. സായിപ്പന്മാരുമായുള്ള ബന്ധം മുറിഞ്ഞതോടെ കുട്ടന്‍ മാനസികവിഭ്രാന്തിക്കടിമപ്പെട്ടു. കാര്യങ്ങള്‍ അത്രക്കൊക്കെ ആയപ്പോള്‍ ഞങ്ങള്‍ കുട്ടനെ ഒന്ന് കണ്ടിട്ട് വന്നാലോ എന്ന പ്ലാനില്‍ അവന്‍റെ വീട് വരെ പോയി.
വളരെ വിചിത്രമായാണ് കുട്ടന്‍ ഞങ്ങളോടെ പെരുമാറിയത്. എന്നെ കണ്ടതും ഓടി വന്നു കൈ പിടിച്ചു കുലുക്കി, “ഹല്ലോ, വെല്‍ക്കം ടു ഗോഡ്സ് ഓണ്‍ കണ്‍ട്രി..അല്ലന്‍… യു വാണ്ട് ടു സീ ലേക്സ്… വെരി ബ്യൂടിഫുള്‍.. ലോട്സ് ഓഫ് ബോട്സ്! ഹൌസ്ബോട്സ്. ഐ വില്‍ ഷോ യു. കം… കം.. ലോ പ്രൈസ്. ഫുഡ് ഫ്രീ. യു വാണ്ട് ടു സീ മൈ ഐ.ഡി. കാര്‍ഡ്? ഹാ… ലെട്സ് ഗോ മാന്‍...”
“സായിപ്പന്മാരെ കിട്ടാതായതിനു ശേഷം എന്‍റെ കുഞ്ഞ് ഇങ്ങനാ. ചോറ് കൊടുത്താലും എന്ഗ്ലിഷേ പറയൂ.”, കുട്ടന്‍റെ അമ്മ വിതുംബാന്‍ തുടങ്ങി. അവന്‍റെ അച്ഛനമ്മമാരോട് ഞങ്ങള്‍ സംസാരിക്കവേ കുട്ടന്‍ മുറ്റത്തൊക്കെ ഓടി നടന്നു. ഇല്ലാത്ത സായിപ്പന്മാരെ കാഴ്ചകള്‍ കാണാന്‍ ക്ഷണിച്ചു കൊണ്ട്…
ദൈവത്തിന്‍റെ സ്വന്തം നാട് എനിക്കും വിദൂര ദേശമായി തുടങ്ങിയത് ആ സമയത്താണ്. അധികം താമസിക്കാതെ കുട്ടനും മറ്റു പലരെയും പോലെ എന്‍റെ ഓര്‍മകളില്‍ നിന്ന് മാഞ്ഞു പോയി. ഒരിക്കലോ മറ്റോ കുറച്ചു അന്യദേശ സുഹൃത്തുക്കളെയും കൊണ്ട് കായലില്‍ ബോട്ട്സവാരിക്ക് പോയപ്പോള്‍ ഞാന്‍ കുട്ടനെ ഓര്‍ത്തു. അത് കഴിഞ്ഞു പിന്നെ ഇപ്പോഴാണ്……
“ശരിക്കും എന്താ സംഭവിച്ചത്,” ഞാന്‍ ജോഷിയോടു ചോദിച്ചു.
“അവന്‍റെ അസുഖം ഒക്കെ മാറി എന്ന് പറഞ്ഞു കക്ഷി പിന്നേം പണി തുടങ്ങി. അപ്പോഴാ പിന്നേം എന്തോ പ്രശ്നം. ഏതോ സായിപ്പിനേം മദാമ്മേം കരുമാടിക്കുട്ടന്‍ കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയതാ. മദാമ്മേടെ മേത്ത് കൈ വെച്ചൂന്നും പറഞ്ഞു സായിപ്പ് എടുത്തു പൊതിച്ചു. അല്ല പിന്നെ… “, ജോഷി പറഞ്ഞു.
‘അവന്‍ ശരിക്കും കേറി പിടിച്ചോ?” ഞാന്‍ അന്വേഷിച്ചു.
“ആ പിടിച്ചു കാണുമാരിക്കും. പണ്ട് ഇങ്ങനെ ഏതാണ്ടാരുന്നല്ലോ? സായിപ്പിന്‍റെ ചന്തി തിന്നു ജീവിക്കുന്നവനോക്കെ പിന്നെ എങ്ങനാന്നാ? നാണോം മാനോം ഇല്ലാത്ത ജന്തു.”, ജോഷി കുപിതനായി. അവനെ കൂടുതല്‍ കുപിതനാക്കണ്ട എന്ന് കരുതി ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
തിരിച്ചു പാടത്തിനു നടുവെയുള്ള റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ എതിരെ കുറച്ചു വെള്ളക്കാര്‍ വരുന്നത് കണ്ടു. അറിയാതെയാണെങ്കിലും അവരുടെ ഇടയില്‍ എന്‍റെ കണ്ണുകള്‍ കുട്ടനെ തേടി…
‘സായിപ്പ്’ കുട്ടനെ.